സൈബര്‍ സാഹിത്യത്തിണ്റ്റെ മഹാസാഗരത്തിലേയ്ക്ക്‌ ഇതുവഴി വരാം

ജാലകം

Wednesday, October 3, 2012

നിള

അലഞ്ഞലഞ്ഞു
അരയാല്‍ വേര്
നദി തേടുന്നു..
കണ്ണീരു വറ്റിയ 
ഒരു മുതലയുടെ
തുറിച്ച കണ്ണിലേക്ക്
അന്വേഷണം
തുടര്‍ന്നുകൊണ്ടേയിരിക്കുന്നു
അതെ
ഇത്
കവിത വറ്റിയ
എന്‍റെ
മനസ്സ്

1993

Sunday, September 23, 2012

കവി


കവി 
നിയോഗത്തിന്റെ
ദുരന്തഭാരം പേറുന്നവന്‍
എന്നെന്നും 
പേറ്റുനോവുള്ളവന്‍
ചുറ്റും കണ്ണും കാതും തുറന്ന്‌ 
വെയിലും മഴയും 
കൊള്ളുന്നവന്‍
അറം പറ്റാത്തവന്‍
സ്വയം ഹരിയ്‌ക്കുന്നവന്‍
പിന്നെയും
അണയാതെ നില്‍ക്കുന്ന
ദീപസ്‌തംഭം

1994 മെയ്‌ 

Thursday, July 26, 2012

അമാവാസി


എണ്റ്റെ പ്രണയം 
അവളോട്‌ മന്ത്രിയ്ക്കുന്നു.

'നമുക്ക്‌ 
ഈ നിറനിലാവില്‍ലയിച്ച്‌ ഒന്നുചേരാം..... '

'വികാരത്തളളിച്ചയില്‍ 
നീ
അമിതഭാവന ചെയ്യുന്നു.' 

ചുണ്ടുവക്രിച്ചുകൊണ്ടവള്‍ തുടര്‍ന്നു.

'ഇന്ന്‌ 
അമാവാസിയാണ്‌ '

1996  ജനുവരി

Saturday, July 21, 2012

കാത്തിരുപ്പ്‌

ഗുഹാമുഖത്തോളം നീണ്ട 
ഇരുള്‌
ചത്തുനിവര്‍ന്നു കിടന്നു. 
വരുന്നത്‌ ചോരയോ, പാലോ? 
ഇരുട്ട്‌ മാത്രം 
ഒഴുകി കട്ടകുത്തി. 
കിഷ്കിന്ധയില്‍ അരാജകത്വം. 
 താരയ്ക്ക്‌ വ്യഭിചാരം. 
അംഗദന്‌സഹജചാപല്യങ്ങളും...
 ഇരുട്ട്‌ നുരകുത്തി 
ഗുഹയ്ക്ക്‌ പുറത്തേയ്ക്ക്‌ 
കുതിച്ചൊഴുകി. 
സ്വപ്നത്തിണ്റ്റെ നൈമിഷികതകള്‍ പോലും
 ഇരുട്ടാല്‍ നിറഞ്ഞു. 
ഞാന്‍ 
ഇപ്പോഴും ഇവിടെത്തന്നെ 
ഞെട്ടിയുണര്‍ന്ന്‌ 
കാത്തിരിയ്ക്കുകയാണ്‌. 
 വരുന്നത്‌ ചോരയോ, പാലോ? 

1996 ജനുവരി

Wednesday, February 1, 2012

കവിയുടെ കണ്ണ്‍

കവിയുടെ കണ്ണു
കുലീനയാം കന്യകയേക്കൂടി
വിവസ്ത്രയാക്കുന്ന
അസന്മാര്‍ഗി. 
വേശ്യയുടെ 
മദാലസതയില്‍ക്കൂടി
മാതൃത്വം തിരിച്ചറിയുന്ന 
സൂചിമുന.
 1993

Monday, January 16, 2012

കാമുകന്‍റെ സ്ഥാനം

ചങ്ങലക്കണ്ണികളില്ലാത്ത,
തടവറച്ചുമരുകളോ
കാവലാളുകളോ ഇല്ലാത്ത,
എന്തിനധികം
ദിക്കുകള്‍ പോലും
അതിരുകളായില്ലാത്ത
ഭ്രാന്തിന്‍റെ
കടുംനിറങ്ങള്‍ക്കിടയിലത്രേ
കാമുകന്‍റെ സ്ഥാനം. 

1996 മെയ്‌