സൈബര്‍ സാഹിത്യത്തിണ്റ്റെ മഹാസാഗരത്തിലേയ്ക്ക്‌ ഇതുവഴി വരാം

ജാലകം

Saturday, November 26, 2011

മാതൃചിന്തകള്‍

 ഒന്ന്‍.

എന്‍റെ അമ്മയ്ക്ക്‌ ഉണ്ടായിരുന്നത്‌
രണ്ട്‌ കര്‍ക്കിടക കണ്ണുകളായിരുന്നു. 
പെയ്തൊഴിയാത്ത
ആ കണ്ണുകളില്‍ നിന്നും
തൊണ്ടവരണ്ട
ബലികാക്കയെപ്പോലെ
ഒരു നോട്ടം 
എനിയ്ക്ക്‌ പിന്നില്‍ എപ്പോഴുമുണ്ടായിരുന്നു. 
ഇടവപ്പാതിയിലെ പ്രളയത്തിലെന്നവണ്ണം
ഞാനതില്‍ മുങ്ങിച്ചാകുമെന്ന്‌ 
ഭയന്നിരുന്നു.
ബഢവാഗ്നി കണക്കെ
അമ്മയുടെ നെഞ്ചിലെ ചൂട്‌ 
എന്‍റെ തലച്ചോറിലേയ്ക്ക്‌ 
തീകൊടുത്തിരുന്നു. 

രണ്ട്‌.


ഒരു സാംസ്കാരിക ഘോഷയാത്ര
ആയിരം കാലുള്ള തേരട്ടയെപ്പോലെ
  എന്‍റെ കണ്ണിലേയ്ക്ക്‌ അരിച്ചുകയറുന്നു.
അവര്‍ ഒരമ്മയെ പ്രദര്‍ശിപ്പിച്ചിരുന്നു. 
ചുംബനം മുറ്റിയ അമ്മയുടെ ചുണ്ടില്‍
അവര്‍  
വിഷ ചഷകം കമഴ്ത്തിയിരുന്നു.
ജീവന്‍ ചുരന്നിരുന്ന മുലകളില്‍ 
എന്നേ ഖനനം നടത്തിയിരുന്നു.
കുഴിച്ചെടുത്ത ഇരുമ്പ്‌ ഉരുക്കാക്കി
അവര്‍ 
അമ്മയുടെ ചാരിത്രം താഴിട്ടുപൂട്ടിയിരുന്നു.
ഇവര്‍ക്കിങ്ങനെ പ്രദര്‍ശിപ്പിയ്ക്കാനായി 
അമ്മ 
എന്തിനിങ്ങനെ ജീവിച്ചിരിയ്ക്കുന്നു!?

മൂന്ന്.

അമ്മയുടെ കര്‍ക്കിടക കണ്ണുകളില്‍ നിന്ന്‌ 
തൊണ്ട വരണ്ട ബലിക്കാക്കയെപ്പോലെ 
ദൈന്യമായ.....
എനിയ്ക്കീ പ്രളയത്തില്‍ 
മുങ്ങിച്ചാകാതെ വയ്യ. 
ഈ ഉമിത്തീയില്‍ 
നീറാതെയും വയ്യ.

2001