സൈബര്‍ സാഹിത്യത്തിണ്റ്റെ മഹാസാഗരത്തിലേയ്ക്ക്‌ ഇതുവഴി വരാം

ജാലകം

Wednesday, October 3, 2012

നിള

അലഞ്ഞലഞ്ഞു
അരയാല്‍ വേര്
നദി തേടുന്നു..
കണ്ണീരു വറ്റിയ 
ഒരു മുതലയുടെ
തുറിച്ച കണ്ണിലേക്ക്
അന്വേഷണം
തുടര്‍ന്നുകൊണ്ടേയിരിക്കുന്നു
അതെ
ഇത്
കവിത വറ്റിയ
എന്‍റെ
മനസ്സ്

1993

Sunday, September 23, 2012

കവി


കവി 
നിയോഗത്തിന്റെ
ദുരന്തഭാരം പേറുന്നവന്‍
എന്നെന്നും 
പേറ്റുനോവുള്ളവന്‍
ചുറ്റും കണ്ണും കാതും തുറന്ന്‌ 
വെയിലും മഴയും 
കൊള്ളുന്നവന്‍
അറം പറ്റാത്തവന്‍
സ്വയം ഹരിയ്‌ക്കുന്നവന്‍
പിന്നെയും
അണയാതെ നില്‍ക്കുന്ന
ദീപസ്‌തംഭം

1994 മെയ്‌ 

Thursday, July 26, 2012

അമാവാസി


എണ്റ്റെ പ്രണയം 
അവളോട്‌ മന്ത്രിയ്ക്കുന്നു.

'നമുക്ക്‌ 
ഈ നിറനിലാവില്‍ലയിച്ച്‌ ഒന്നുചേരാം..... '

'വികാരത്തളളിച്ചയില്‍ 
നീ
അമിതഭാവന ചെയ്യുന്നു.' 

ചുണ്ടുവക്രിച്ചുകൊണ്ടവള്‍ തുടര്‍ന്നു.

'ഇന്ന്‌ 
അമാവാസിയാണ്‌ '

1996  ജനുവരി

Saturday, July 21, 2012

കാത്തിരുപ്പ്‌

ഗുഹാമുഖത്തോളം നീണ്ട 
ഇരുള്‌
ചത്തുനിവര്‍ന്നു കിടന്നു. 
വരുന്നത്‌ ചോരയോ, പാലോ? 
ഇരുട്ട്‌ മാത്രം 
ഒഴുകി കട്ടകുത്തി. 
കിഷ്കിന്ധയില്‍ അരാജകത്വം. 
 താരയ്ക്ക്‌ വ്യഭിചാരം. 
അംഗദന്‌സഹജചാപല്യങ്ങളും...
 ഇരുട്ട്‌ നുരകുത്തി 
ഗുഹയ്ക്ക്‌ പുറത്തേയ്ക്ക്‌ 
കുതിച്ചൊഴുകി. 
സ്വപ്നത്തിണ്റ്റെ നൈമിഷികതകള്‍ പോലും
 ഇരുട്ടാല്‍ നിറഞ്ഞു. 
ഞാന്‍ 
ഇപ്പോഴും ഇവിടെത്തന്നെ 
ഞെട്ടിയുണര്‍ന്ന്‌ 
കാത്തിരിയ്ക്കുകയാണ്‌. 
 വരുന്നത്‌ ചോരയോ, പാലോ? 

1996 ജനുവരി

Wednesday, February 1, 2012

കവിയുടെ കണ്ണ്‍

കവിയുടെ കണ്ണു
കുലീനയാം കന്യകയേക്കൂടി
വിവസ്ത്രയാക്കുന്ന
അസന്മാര്‍ഗി. 
വേശ്യയുടെ 
മദാലസതയില്‍ക്കൂടി
മാതൃത്വം തിരിച്ചറിയുന്ന 
സൂചിമുന.
 1993

Monday, January 16, 2012

കാമുകന്‍റെ സ്ഥാനം

ചങ്ങലക്കണ്ണികളില്ലാത്ത,
തടവറച്ചുമരുകളോ
കാവലാളുകളോ ഇല്ലാത്ത,
എന്തിനധികം
ദിക്കുകള്‍ പോലും
അതിരുകളായില്ലാത്ത
ഭ്രാന്തിന്‍റെ
കടുംനിറങ്ങള്‍ക്കിടയിലത്രേ
കാമുകന്‍റെ സ്ഥാനം. 

1996 മെയ്‌

Saturday, November 26, 2011

മാതൃചിന്തകള്‍

 ഒന്ന്‍.

എന്‍റെ അമ്മയ്ക്ക്‌ ഉണ്ടായിരുന്നത്‌
രണ്ട്‌ കര്‍ക്കിടക കണ്ണുകളായിരുന്നു. 
പെയ്തൊഴിയാത്ത
ആ കണ്ണുകളില്‍ നിന്നും
തൊണ്ടവരണ്ട
ബലികാക്കയെപ്പോലെ
ഒരു നോട്ടം 
എനിയ്ക്ക്‌ പിന്നില്‍ എപ്പോഴുമുണ്ടായിരുന്നു. 
ഇടവപ്പാതിയിലെ പ്രളയത്തിലെന്നവണ്ണം
ഞാനതില്‍ മുങ്ങിച്ചാകുമെന്ന്‌ 
ഭയന്നിരുന്നു.
ബഢവാഗ്നി കണക്കെ
അമ്മയുടെ നെഞ്ചിലെ ചൂട്‌ 
എന്‍റെ തലച്ചോറിലേയ്ക്ക്‌ 
തീകൊടുത്തിരുന്നു. 

രണ്ട്‌.


ഒരു സാംസ്കാരിക ഘോഷയാത്ര
ആയിരം കാലുള്ള തേരട്ടയെപ്പോലെ
  എന്‍റെ കണ്ണിലേയ്ക്ക്‌ അരിച്ചുകയറുന്നു.
അവര്‍ ഒരമ്മയെ പ്രദര്‍ശിപ്പിച്ചിരുന്നു. 
ചുംബനം മുറ്റിയ അമ്മയുടെ ചുണ്ടില്‍
അവര്‍  
വിഷ ചഷകം കമഴ്ത്തിയിരുന്നു.
ജീവന്‍ ചുരന്നിരുന്ന മുലകളില്‍ 
എന്നേ ഖനനം നടത്തിയിരുന്നു.
കുഴിച്ചെടുത്ത ഇരുമ്പ്‌ ഉരുക്കാക്കി
അവര്‍ 
അമ്മയുടെ ചാരിത്രം താഴിട്ടുപൂട്ടിയിരുന്നു.
ഇവര്‍ക്കിങ്ങനെ പ്രദര്‍ശിപ്പിയ്ക്കാനായി 
അമ്മ 
എന്തിനിങ്ങനെ ജീവിച്ചിരിയ്ക്കുന്നു!?

മൂന്ന്.

അമ്മയുടെ കര്‍ക്കിടക കണ്ണുകളില്‍ നിന്ന്‌ 
തൊണ്ട വരണ്ട ബലിക്കാക്കയെപ്പോലെ 
ദൈന്യമായ.....
എനിയ്ക്കീ പ്രളയത്തില്‍ 
മുങ്ങിച്ചാകാതെ വയ്യ. 
ഈ ഉമിത്തീയില്‍ 
നീറാതെയും വയ്യ.

2001

Sunday, October 23, 2011

കര്‍മ്മഫലം

അജ്ഞന്‍റെ  മര്‍ദ്ദനവും
ജ്ഞാനിയുടെ സഹനവും
തമ്മില്‍ തീരാപ്പോര്‌
ജ്ഞാനിയ്ക്ക്‌ നിത്യശാന്തി
അജ്ഞനോ
ഭാരിച്ച വാഴ്ചയും 

1996

Saturday, April 3, 2010

കറണ്റ്റ്‌ അഫയേഴ്സ്‌

കറണ്റ്റില്ലാക്കാലം
ലെയിനടിയില്‍ തോറ്റ്‌
കവി യൌവ്വനം
തൂങ്ങി മരിച്ചു.
കറണ്റ്റ്‌ വന്നപ്പോഴോ
ലെയിന്‍ കമ്പിയില്‍ തൂങ്ങി
കാക്കകള്‍ മാത്രം
കാരണമില്ലാതെ ചത്തു.

2004

Friday, February 12, 2010

വേനല്‍

വയസ്സ്‌ പതിന്നാല്‌
വെളുത്തനിറം നാലടി രണ്ടിഞ്ച്‌
ഇംഗ്ളീഷും മലയാളവും.
സൂര്യന്‍ തിളയ്ക്കുന്ന
ആകാശത്തിലേയ്ക്ക്‌
ഇലയില്ലാതെ ഉയര്‍ന്നുപോകുന്ന മരം
ആര്‍ത്തലച്ച്‌ ചോദിയ്ക്കുന്നു
ഇവരൊക്കെ പോകുന്നത്‌ എവിടേയ്ക്കാണ്‌?
ഉത്തരം പറയാനൊരുങ്ങിയ
പബ്ളിക്‌ ടാപ്പിണ്റ്റെ
തൊണ്ട വരണ്ടു

1994

Friday, October 26, 2007

സര്‍ക്കാര്‍ പഠിച്ച പാഠം

മെഡിക്കല്‍ അഡ്മിഷന്‍ കിട്ടാതെ
ക്രിസ്തു
തൂങ്ങിമരിച്ചത്‌
അള്‍ത്താരയില്‍.
സഭാനേതൃത്വം
തിരുശവവും പേറി
നിയമസഭയ്ക്കു മുന്നില്
‍സമരത്തോടുസമരം.
ഒടുവില്‍
കുഞ്ഞാടുകളില്‍ നിന്നും
കോഴ വാങ്ങുന്നത്‌
ദൈവഹിതമെന്നും
അത്‌
മനുഷ്യരുടെ കോടതിയ്ക്ക്‌
തടയാനാവില്ലെന്നുമുള്ള
പാഠം
സര്‍ക്കാര്‍ പഠിച്ചു

2007